അറബിക്കഥകളില്‍ പറയുന്ന പറക്കും പരവതാനി യാഥാര്‍ഥ്യമാകുന്നു


                        അറബിക്കഥകളില്‍ പറയുന്ന പറക്കും പരവതാനി യാഥാര്‍ഥ്യമാകുന്നു. വൈദ്യുത സര്‍ക്യൂട്ടുകളുള്ള പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് അമേരിക്കയില്‍ പ്രിന്‍സ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയാണ് പറക്കും പരവതാനിയുടെ ചെറുപതിപ്പുണ്ടാക്കിയത്.


                 നാനോ ടെക്‌നോളജി ഉപയോഗിച്ച് പ്ലാസ്റ്റിക് ഷീറ്റില്‍ ഇലക്‌ട്രോണിക് സര്‍ക്യൂട്ടുകള്‍ ഒട്ടിച്ചുചേര്‍ക്കുകയാണ് നോവാ ജഫേരിസ് എന്ന വിദ്യാര്‍ഥി ചെയ്തത്. വൈദ്യുതി പ്രവഹിപ്പിക്കുമ്പോള്‍ ഈ സര്‍ക്യൂട്ടുകള്‍ താഴെയും വശങ്ങളിലുമുള്ള വായുവില്‍ ചുഴികളുണ്ടാക്കും. അതിന്റെ ബലത്തില്‍ പ്ലാസ്റ്റിക് ഷീറ്റ് നിലത്തുനിന്നുയര്‍ന്ന് ഒഴുകി നീങ്ങും.

                     ജഫേരിസ് നിര്‍മിച്ച പറക്കും പരവതാനിക്ക് പത്തു സെന്‍റീമീറ്റര്‍ മാത്രമേ വലിപ്പമുള്ളൂ. അതിന്റെ വേഗം സെക്കന്‍ഡില്‍ ഒരു സെന്‍റീമീറ്റര്‍ മാത്രമാണ്. ഷീറ്റിന്റെ വലിപ്പം കൂട്ടാനും വേഗം സെക്കന്‍ഡില്‍ ഒരു മീറ്ററെങ്കിലും ആയി ഉയര്‍ത്താനും കഴിയുമെന്നാണ് ജഫേരിസ് കരുതുന്നത്.

                       പറക്കുമ്പോള്‍ ദിശനിയന്ത്രിക്കാനുള്ള ഉപകരണങ്ങള്‍കൂടി പ്ലാസ്റ്റിക് ഷീറ്റില്‍ ഇണക്കി ചേര്‍ക്കുകയും വേണം. മുകളിലെ പ്രതലത്തില്‍ സൗരോര്‍ജ സെല്ലുകള്‍വെച്ചാല്‍ പുറത്തുനിന്നു വൈദ്യുതി നല്‍കുന്നത് ഒഴിവാകുകയും ചെയ്യും.
                       അച്ചടി ആധുനികീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ജഫേരിസ് പ്ലാസ്റ്റിക് ഷീറ്റില്‍ ഇലക്‌ട്രോണിക് സര്‍ക്യൂട്ടുകള്‍ ഇണക്കിച്ചേര്‍ത്തത്. അപ്പോഴാണ് ആയിരത്തൊന്നു രാവുകളിലെ പരവതാനികള്‍ മനസ്സിലെത്തിയത്. പറക്കും പരവതാനി എന്നു പറയുന്നുണ്ടെങ്കിലും അവ വിമാനത്തെപ്പോലെ പറന്നുയരുമെന്ന് കരുതരുതെന്ന് ജഫേരിസ് പറയുന്നു.

                         വൈദ്യുതി പ്രവഹിപ്പിക്കുമ്പോഴുണ്ടാകുന്ന വായുപ്രവാഹം താഴെ നിലത്തേല്‍പ്പിക്കുന്ന ആഘാതത്തിന്റെ പ്രതിപ്രവര്‍ത്തനമായാണ് പരവതാനി ഉയരുന്നത്. അതുകൊണ്ടുതന്നെ നിലത്തിന് തൊട്ടുമുകളിലായി ഹോവര്‍ക്രാഫ്റ്റിനെപ്പോലെ ഒഴുകി നീങ്ങുകയാണതുചെയ്യുക.

No comments:

Post a Comment